Wednesday, 17 April 2013

നിശ്ശേഷഹരണത്തെ തിരിച്ചറിയാം(Recognise Divisibility)


 ഹരണക്രിയ അറിയാത്തവരില്ല. എന്നാല്‍ 1,2,3,..... തുടങ്ങിയ എണ്ണല്‍സംഖ്യകളുടെ ഗുണിതങ്ങളെ എളുപ്പം തിരിച്ചറിയുക, അല്ലെങ്കില്‍ ഒരു വലിയ സംഖ്യയെ 1,2,3,.... തുടങ്ങിയ ചെറിയ സംഖ്യ കൊണ്ട് ഹരിക്കുമ്പോള്‍ നിശ്ശേഷഹരണമാണോ നടക്കുന്നത് എന്ന് പ്രവചിക്കാനുള്ള സൂത്രമാണ് ഈ പോസ്റ്റില്‍ .

ഒന്ന് (1)
എല്ലാ എണ്ണല്‍സംഖ്യകളും 1ന്റെ ഗുണിതമാണ്.

രണ്ട് (2)
ഇരട്ടസംഖ്യയാണെങ്കില്‍ അഥവാ ഒറ്റയുടെ സ്ഥാനത്ത് 2,4,6,8,0 എന്നിവയായാല്‍ 2ന്റെ ഗുണിതമാകും.

മൂന്ന് (3)
സംഖ്യയുടെ ഓരോ സ്ഥാനത്തുമുള്ള അക്കങ്ങളുടെ തുക മൂന്നിന്റെ ഗുണിതമാണെങ്കില്‍ ആ സംഖ്യയും മൂന്നിന്റെ ഗുണിതമാകും.
ഉദാ - 321 എന്ന സംഖ്യ 3ന്റെ ഗുണിതാമാണോ എന്നു പരിശോധിക്കാന്‍ ആദ്യം അക്കങ്ങള്‍ കൂട്ടുക.
3+2+1 = 6
ആറ് മൂന്നിന്റെ ഗുണിതമായതിനാല്‍ 321 ഉം മൂന്നിന്റെ ഗുണിതമാണ്.

നാല് (4)
ഒരു സംഖ്യയിലെ ഉറ്റയുടെയും പത്തിന്റെയും സ്ഥാനത്തെ അക്കം പൂജ്യം വരികയോ ആ അക്കങ്ങള്‍ ചേര്‍ത്തുവായിക്കുന്ന സംഖ്യ 4ന്റെ ഗുണിതമാകുകയോ ചെയ്താല്‍ ആ സംഖ്യയെ 4 കൊണ്ട് നിശ്ശേഷം ഹരിക്കാം
ഉദാ:
5500 – ഒറ്റയുടെയും പത്തിന്റെയും സ്ഥാനത്തെ അക്കങ്ങള്‍ 0
2580 – 80 നാലിന്റെ ഗുണിതമാണ്

അഞ്ച് (5)
ഒരു സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം 0,5 എന്നിവയിലേതെങ്കിലുമായാല്‍ ആ സംഖ്യയെ 5 കൊണ്ട് നിശ്ശേഷം ഹരിക്കാം

ആറ് (6)
ഒരു സംഖ്യ 3ന്റെ ഗുണിതവും ഇരട്ടസംഖ്യയും ആണെങ്കില്‍ 6 കൊണ്ട് നിശ്ശേഷം ഹരിക്കാം

ഏഴ് (7)
ഒരു സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ ഇരട്ടി അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും കുറച്ചാല്‍ കിട്ടുന്നത് ഏഴിന്റെ ഗുണിതമായാല്‍ ആ സംഖ്യയെ ഏഴു കൊണ്ട് നിശ്ശേഷം ഹരിക്കാം
ഉദാ :
231 (അവസാന അക്കമായ 1ന്റെ ഇരട്ടി 2. ബാക്കിയുള്ള സംഖ്യയായ 23ല്‍ നിന്നും 2 കുറച്ചാല്‍ 21. 21 ഏഴിന്റെ ഗുണിതമായതിനാല്‍ 231 നെ ഏഴു കൊണ്ട് നിശ്ശേഷം ഹരിക്കാം)

എട്ട് (8)
ഒരു സംഖ്യയുടെ അവസാനത്തെ 3 അക്കങ്ങള്‍ പൂജ്യങ്ങള്‍ വരികയോ, ആ സംഖ്യകള്‍ ചേര്‍ത്തുവായിക്കുന്ന സംഖ്യ 8ന്റെ ഗുണിതമാകുകയോ ചെയ്താല്‍ ആ സംഖ്യയെ 8 കൊണ്ട് നിശ്ശേഷം ഹരിക്കാം

ഒന്‍പത് (9)
ഒരു സംഖ്യയിലെ അക്കങ്ങളുടെ തുക 9 ന്റെ ഗുണിതമായാല്‍ ആ സംഖ്യയെ 9 കൊണ്ട് നിശ്ശേഷം ഹരിക്കാം

പത്ത് (10)
അവസാനത്തെ അക്കം 0 ആയ ഏതു സംഖ്യയെയും പത്തു കൊണ്ട് നിശ്ശേഷം ഹരിക്കാം

Sunday, 7 April 2013

ഒരു Ktoon/Tupi അനിമേഷന്‍



പത്താം ക്ലാസ്സ് ഐടി പാഠപുസ്തകത്തില്‍ അനിമേഷന്‍ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍ IT@School സംസ്ഥാന തലത്തില്‍ ഒരു അനിമേഷന്‍ മത്സരം സംഘടിപ്പിച്ചത് അതിനും ഒരു വര്‍ഷം മുമ്പ്. “Offline” എന്ന ഹൃസ്വചിത്രം നിര്‍‍മ്മിച്ചു കൊണ്ട് കോട്ടയ്ക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളും അതില്‍ പങ്കാളിയായി.

              10-15 പേരടങ്ങുന്ന കുട്ടികളുടെ ടീം ആണ് ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്. സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബും, ലാപ്ടോപ്പുകളും പരമാവധി ഉപയാഗപ്പെടുത്തി. പലപ്പോഴും പല ടീം അംഗങ്ങള്‍ക്കും ക്ലാസ്സുകള്‍ ഒഴിവാക്കേണ്ടിയും വന്നു. ഏതാണ്ട് ഒരു മാസത്തെ പ്രയത്നത്തിനൊടുവില്‍ അനിമേഷന്‍ പൂര്‍ത്തിയായി. Offline എന്ന ഈ അനിമേഷന്‍ സംസ്ഥാന തലത്തില്‍ "Best Editing” അവാര്‍ഡും കരസ്ഥമാക്കി.

               ടി.വിയില്‍ കാണുന്ന വലിയ അനിമേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ Offline നിസാരമായി തോന്നാം. എന്നാല്‍ കെടൂണ്‍ , ഓപ്പണ്‍ഷോട്ട് തുടങ്ങിയ Free software കളില്‍ അനിമേഷന്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് മനസിലാക്കുമ്പോള്‍ മാത്രമേ ഇതിന്റെ പ്രാധാന്യം മനസിലാകൂ. പത്താം ക്ലാസിലേക്ക് വരുന്ന കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട അനിമേഷനാണിത്. കാരണം, അവരെപ്പോലെയുള്ള കുട്ടികള്‍ പാഠ്യപദ്ധതിയിലുള്ള ഫ്രീ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയത്.

                 അധ്യാപകരായ ശ്രീ.പ്രവീണ്‍ , ശ്രീ.വിനോദ് , ശ്രീമതി.സുജാത എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഷമീം, പ്രവീണ്‍, വിവേക്, രാഹുല്‍ , ഹരിഭൂഷണ്‍ , ആബിദ്, അഭയ് കൃഷ്ണന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ സജീവമായി പ്രവര്‍ത്തിച്ചു. അനിമേഷന്‍ ഡബ് ചെയ്തവര്‍, കഥ ചര്‍ച്ച ചെയ്തവര്‍ എന്നിവരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു.

Saturday, 6 April 2013

എങ്ങനെ പഠിയ്ക്കാം (How to study)


                                     അറിവുകള്‍ നേടി ഉന്നതങ്ങളിലെത്തുക എന്നതിലുപരി പഠനം നമ്മുടെ വ്യക്തിത്വവികസനത്തെയും ശക്തമായി സ്വാധീനിക്കും. അറിവുള്ളവര്‍ എവിടെയും മാനിക്കപ്പെടും. പഠിച്ചത് ജീവിതത്തില്‍ പ്രയോഗിക്കുമ്പോള്‍ അറിവ് ആനന്ദമായി മാറും.


അലസത
     മിക്കവരിലും കാണപ്പെടുന്ന ആദ്യത്തെ പ്രശ്നം അലസതയാണ്. കളിക്കാന്‍ നാം മടി കാട്ടാറില്ലല്ലോ? പഠനത്തിലും ഈ താത്പര്യം ഉണ്ടാകണം. പുസ്തകത്തെ സുഹൃത്താക്കി മാറ്റണം. വിഷയങ്ങളെ നാം ഇഷ്ട്ടപ്പെട്ടാല്‍ അവ നമ്മെയും സ്നേഹിക്കും. അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ പഠിക്കാതിരിക്കുകയും അവസാന നിമിഷങ്ങളില്‍ കുത്തിയിരുന്ന് പഠിക്കുകയും ചെയ്യുന്ന സ്വാഭാവിക രീതി നിഷഫലമാണെന്നത് പറയാതെ വയ്യ. ആദ്യം മുതല്‍ക്കേ ഉള്ള ചിട്ടയായ പഠനമാണ് അനിവാര്യം.

ഇഷ്ടമില്ലാത്ത വിഷയങ്ങളും പഠിക്കേണ്ടവ തന്നെ
        പ്രഭാതമാണ് പഠിക്കാന്‍ നല്ല സമയം. ഇത്തരം സമയങ്ങളില്‍ ഇഷ്ടമില്ലാത്ത വിഷയങ്ങള്‍ പഠിയ്ക്കണം. അവയ്ക്ക് കൂടുതല്‍ സമയം മാറ്റിവയ്ക്കണം. പഠിച്ച് മടുക്കുമ്പോള്‍ ഇഷ്ടപ്പെട്ട വിഷയങ്ങളെടുക്കാം.
തുടര്‍ച്ചയായി ഒരേ വിഷയം പഠിക്കരുത്. തലച്ചോറിന്റെ വ്യത്യസ്ത മണ്ഡലങ്ങളെ ഉദ്ദാപിപ്പിക്കത്തക്ക വിധം വിഷയങ്ങള്‍ മാറി മാറി പഠിക്കാം. ഇംഗ്ലീഷ് കഴിഞ്ഞ് മാത്സ്, പിന്നെ സോഷ്യല്‍ സയന്‍സ്, ഫിസിക്സ്, മലയാളം എന്നിങ്ങനെ...........

സമയം
      ഒരു മണിക്കൂറിലധികം തുടര്‍ച്ചയായി പഠിക്കേണ്ടതില്ല. ഇതു കഴിഞ്ഞ് അല്‍പം വിശ്രമിക്കാം. ഈ സമയത്ത് ചുറ്റുവട്ടത്തൊക്കെ പോയി വരാം, പാട്ടുകള്‍ കേള്‍ക്കാം. രാത്രി വൈകി അധിക സമയം ഉറക്കമിളച്ചിരുന്നു പഠിക്കരുത്. പകരം, രാവിലെ നേരത്തേ എഴുന്നേറ്റ് പഠിയ്ക്കാം.

ഭക്ഷണം
    കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍ ഉറക്കം കൂട്ടുന്നതിനും, തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതിനും കാരണമാകുന്നു. പച്ചക്കറികളും, പഴങ്ങളും, ഇലക്കറികളും ധാരാളമായി കഴിക്കുക. ഇടയ്ക്കിടെ വെള്ളം കുടിക്കുക.

പരീക്ഷയ്ക്ക് മുമ്പ്


      മനസ് ശാന്തമാക്കി വെക്കുക. പതിവിലധികം പഠിക്കണ്ട. നേരത്തേ ഉറങ്ങുക. പഠിച്ചവ ഓര്‍മ്മയില്‍ തെളിയാന്‍ നല്ല ഉറക്കം അത്യാവശ്യമാണ്. ഇതിനു മുമ്പ് യൂണിഫോം, ഹാള്‍ടിക്കറ്റ്, പേന, പെന്‍സില്‍ മറ്റ് പഠനോപകരണങ്ങള്‍ എന്നിവയെല്ലാം എടുത്തു വയ്ക്കുക. രാവിലെ വെണമെങ്കില്‍ വിഷമമുള്ള ഭാഗങ്ങളിലുടെ കണ്ണോടിയ്ക്കാം.

പരീക്ഷയ്ക്ക്
     സമാശ്വാസ സമയം നന്നായി ഉപയോഗിക്കുക. ഈ സമയത്ത് പൂര്‍ണ ശ്രദ്ധയോടെ ചോദ്യങ്ങള്‍ മനസിലാക്കുക. വളരെ വൃത്തിയായി, അറിയുന്ന ചോദ്യങ്ങള്‍ ആദ്യമാദ്യം എഴുതിപ്പോവുക. അവസാനം, സമയമുണ്ടെങ്കില്‍ എഴുതിയ ഉത്തരങ്ങള്‍ പരിശോധിക്കാം. പരീക്ഷ കഴിഞ്ഞാല്‍ അതിന്റെ ഉത്തരങ്ങള്‍ കൂട്ടുകാരുമായി ചര്‍ച്ച ചെയ്ത് സമയം കളയണ്ട. വീട്ടില്‍ ചെന്ന് അല്‍പ്പം വിശ്രമിച്ച്, അടുത്ത പരീക്ഷയ്ക്ക് തയ്യാറാവുക. വിജയം നിങ്ങളുടെ കൂടെയാകും. ഉറപ്പ് !











Friday, 5 April 2013

ഒരു പത്താം ക്ലാസ്സ് പഠനസഹായി

പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഐറ്റി @സ്കൂള്‍ പഠന വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഓരോ യൂണിറ്റിനെപ്പറ്റിയും വിശദമായും രസകരമായും പഠിക്കത്തക്ക വിധം വെബ്പേജ് രൂപത്തിലാണ് ഇതിന്റെ ഘടന. കൂടാതെ SSLC ORUKKAM എന്ന പേരില്‍ വീഡിയോ ട്യൂട്ടോറിയലും ഐറ്റി@സ്കൂളിന്റെ സംഭാവനയാണ്. സമകാലിക സന്ദര്‍ഭത്തില്‍ സാങ്കേതിക വിദ്യയെക്കൂടി കൂട്ടു പിടിച്ചുള്ള പഠനത്തിന്റെ പ്രസക്തി വിളിച്ചോതുന്നവയാണ് ഇവ

CLICK HERE TO VISIT VIDEO TUTORIAL OF IT@SCHOOL (SSLC ORUKKAM)
CLICK HERE TO VISIT AND DOWNLOAD WEBPAGE RESOURCE OF IT@SCHOOL

Thursday, 4 April 2013

ബുദ്ധിയ്ക്കും വേണം വ്യായാമം


ഇത് അവധിക്കാലം. കളികളില്‍ മാത്രം ഏര്‍പ്പെടുന്ന കുട്ടികളും, മുതിര്‍ന്നവരുമെല്ലാം ബുദ്ധിപരമായ കളികളിലും വ്യായാമങ്ങളിലും മുഴുകാത്ത ഇക്കാലത്ത് തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന വലിയൊരു കൂട്ടം കളിലകളുടെ ശേഖരവുമായെത്തുകയാണ് "lumosity.com”. കൂടാതെ, ഇത്തരം കളികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അവരുടെ ബുദ്ധിശക്തിയുടെ അളവ് എത്രയെന്നറിയാനും മെച്ചപ്പെടുത്താനും കഴിയും.
വെബ്സൈറ്റ് സന്ദര്‍ശിക്കാനും കളികള്‍ ആരംഭിയ്ക്കാനും ഇവിടെ ക്ലിക്ക്ചെയ്യുക

Saturday, 30 March 2013

സമാന്തരശ്രേണികള്‍ - സാമ്പിള്‍ ചോദ്യങ്ങള്‍


Difficulty - Eazy
  1. 2,4,6,.......................... എന്ന സമാന്തര ശ്രേണിയുടെ
    a) രണ്ടാം പദമേത്?
    b) ആദ്യപദവും, മൂന്നാം പദവും കൂട്ടിയാല്‍ കിട്ടുന്ന സംഖ്യയേത്?
    c) ഈ സംഖ്യകള്‍ തമ്മിലുള്ള ബന്ധമെന്ത്? ഇതില്‍ നിന്നും രൂപീകരിക്കാവുന്ന നിഗമനമെന്ത്?
  2. 8,14,20,26,...................... എന്ന ശ്രേണിയുടെ
    a) 21-ാം പദമേത്?
    b) ശ്രേണിയുടെ 10 പദങ്ങളുടെ തുകയെത്ര?
    c) ഈ ശ്രേണിയുടെ ബീജഗണിതരൂപം എന്ത്?
  3. ഒരു ഹാളില്‍ ആദ്യവരിയില്‍ 10 കസേര, രണ്ടാം വരിയില്‍ 16 കസേര, മൂന്നാം വരിയില്‍ 22 കസേര എന്നീ രീതിയില്‍ ഇട്ടിരിക്കുന്നു
    a) ആകെ വരികള്‍ 15 ആയാല്‍ ഹാളിലെ ആകെ കസേരകള്‍ എത്ര?
    b) 10-ാം വരിയിലെ കസേരകളെത്ര?
  4. 1,2,3,4,...................... എന്നീ എണ്ണല്‍ സംഖ്യകളെ 4 കൊണ്ട് ഗുണിച്ച് 1 കൂട്ടിയ ശ്രേണിയാണ് അപ്പു എഴുതിയത്
    a) ഇത് സമാന്തരശ്രേണിയാണോ? എന്തുകൊണ്ട്?
    b) ഈ ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക
    c) 256 ഈ ശ്രേണിയിലെ പദമാണോ? എന്തുകൊണ്ട്?
  5. ഒരു സമാന്തര ശ്രേണിയുടെ n-ാം പദം 4n+3 ആണ്
    a) ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടം എത്ര?
    b) 21-ാം പദമെത്ര?
    c) ശ്രേണി രൂപീകരിക്കുക
  6. പൊതുവ്യത്യാസം 3 ആയ ഒരു ശ്രേണി എഴുതുക. ഇതിലെ ഏതെങ്കിലും 2 പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം 175 ആകുമോ? സമര്‍ത്ഥിക്കുക
  7. ഒരു കിണര്‍ കുഴിക്കാന്‍ ആദ്യത്തെ മീറ്ററിന് 500 രൂപയും, തുടര്‍ന്നുള്ള ഓരോ മീറ്ററിനും 300 രൂപ വീതം കൂടുതലും നല്‍കണം. കിണറിന്റെ ആഴം 10 മീറ്ററായാല്‍ ചിലവായ തുകയെത്ര?
  8. ആദ്യത്തെ 20 ഒറ്റസംഖ്യകളുടെ തുകയെത്ര?
  9. ആദ്യത്തെ 99 എണ്ണല്‍ സംഖ്യകളുടെ തുകയെത്ര?
  10. ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ തുകയെത്ര?
  11. 60 വരെയുള്ള ഒറ്റസംഖ്യകളുടെ തുകയെത്ര?


    അടുത്ത പോസ്റ്റിൽ ഉത്തരങ്ങൾ ഉൾപ്പെടുത്തുന്നതാണ്

Thursday, 28 March 2013

മാത്സ് - NOTES


കുറേ സമവാക്യങ്ങളുണ്ടെങ്കിലും മനസിലാക്കി ഒരു തവണ പഠിച്ചാല്‍ ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്തതാണ് പത്താം ക്ലാസിലെ ഗണിതപാഠപുസ്തകത്തിലെ "സമാന്തരശ്രേണികള്‍" എന്ന അധ്യായം. സമാന്തര ശ്രേണികള്‍ എന്നാലെന്ത്, സമാന്തര ശ്രേണിയുടെ നിശ്ചിത സ്ഥാനത്തെ പദമേതെന്ന് എങ്ങനെ കണ്ടുപിടിക്കാം, സമാന്തര ശ്രേണിയുടെ ബീജഗണിതരൂപമെന്നാലെന്ത്, സമാന്തര ശ്രേണിയുടെ നിശ്ചിത എണ്ണം പദങ്ങളുടെ തുക എങ്ങനെ കണ്ടെത്താം, ഒറ്റസംഖ്യകള്‍, എണ്ണല്‍ സംഖ്യകള്‍ ഇവയുടെ ശ്രേണികളുടെ പദങ്ങളുടെ തുക കണ്ടെത്തുന്നതെങ്ങനെ എന്നീ ചോദ്യങ്ങളുടെ ഉത്തരത്തെപ്പറ്റിയുള്ള വ്യക്തമായ ധാരണയാണ് പാഠഭാഗത്തിന്റെ അടിസ്ഥാനം.
                        മാത്സ് വായിച്ചു പഠിക്കേണ്ട ഒന്നല്ല, ചെയ്തു പഠിക്കാനുള്ളതാണ്. എങ്കിലും പാഠഭാഗത്തെ ആശയങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയുണ്ടായാലേ കണക്കുകള്‍ ചെയ്യാനാകൂ. ഈ ആശയങ്ങള്‍ പെട്ടെന്ന് മനസില്‍ കൊണ്ടുവരാന്‍ താഴെയുള്ള കുറിപ്പുകള്‍ സഹായകമാകും

Tuesday, 26 March 2013

കെമിസ്ട്രി വാതകാവസ്ഥ - NOTES




നിത്യജീവിതവുമായി ഏറെ ബന്ധപ്പെടുത്താവുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കെമിസ്ട്രിയിലെ "വാതകാവസ്ഥ" എന്ന ഒന്നാം അധ്യായം. ഖരം, ദ്രാവകം, വാതകം എന്നീ പദാര്‍ത്ഥ അവസ്ഥകളെക്കുറിച്ചും, താപനില, മര്‍ദ്ദം, തന്മാത്രകളുടെ എണ്ണം എന്നിവ പദാര്‍ത്ഥങ്ങളുടെ വ്യാപ്തത്തില്‍ ചെലുത്തുന്നസ്വാധീനത്തെക്കുറിച്ചും ഈ അധ്യായം ചര്‍ച്ച ചെയ്യുന്നു.

കാണാതെ പഠിക്കാന്‍ ഇതില്‍ ഒന്നുമില്ല. ഈ അധ്യായത്തിലെ ആശയങ്ങളെല്ലാം മനസിലാക്കാനുള്ളവയാണ്. പാഠപുസ്തകത്തിലെ ആശയങ്ങളുടെ ചുരുക്കമാണ് താഴെ നല്‍കിയിരിക്കുന്നത്

ബയോളജി ഇന്ദ്രിയങ്ങൾക്കുമപ്പുറം - NOTES


ചുറ്റുപാടുമായി ആശയവിനിമയം നടത്തുന്നതില്‍ ഇന്ദ്രിയങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന അധ്യായമാണ് ബയോളജിയിലെ "ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം" ഗ്രാഹികള്‍ ഉദ്ദീപിക്കപ്പെടുമ്പോള്‍ ആവേഗങ്ങള്‍ നാഡിവഴി തലച്ചോറിലെത്തുന്നു. തലച്ചോറ് പ്രതികരിക്കുന്നു. ഇതാണ് പാഠത്തിന്റെ ചുരുക്കം. ഈ ആശയം മനസിലാക്കി പഠിച്ചാല്‍ ജീവശാസ്ത്രത്തിലെ ഈ പാഠം വളരം എളുപ്പമുള്ളതായി മാറും. ടെക്സ്റ്റ്ബുക്ക് നന്നായി വായിച്ചതിനു ശേഷം, പാഠഭാഗത്തിന്റെ ചുരുക്കം ഉള്‍ക്കൊള്ളുന്ന താഴെയുള്ള PDF ഫയലിലൂടെ കണ്ണോടിച്ചു പോകുന്നത് ആശയങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കാനും, സമയം ലാഭിക്കാനും സഹായകമാകും
       CLICK HERE TO DOWNLOAD BIOLOGY NOTES



10th Class Resources

 മലയാളത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കു മാത്രമായി  ഒരു ഓണ്‍ലൈൻ  സൗകര്യം ഇല്ല എന്ന സമകാലിക സന്ദർഭത്തിൽ ഈ ബ്ലോഗിന്റെ പ്രസക്തി വലുതാണ്‍`.  ഇന്ന് മുതൽ പത്താം ക്ലാസ് പഠന സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യാനും വിദ്യാർത്ഥികൾക്ക് വിവിധ പഠനവിഭവങ്ങൾ ലഭ്യമാക്കാനും ഈ ബ്ലോഗ് കൂടെയുണ്ടാകും.....